വാഷിങ്ടണ്‍: ഇറാനില്‍ വീണ്ടും ബോംബിടാന്‍ ഭയമില്ലെന്ന് അമേരിക്കല്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആണവായുധ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചാലാണ് ഇറാനില്‍ ബോംബിടുക. ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തില്‍ വിജയിച്ചെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഖമേനിയെ മോശവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലും ട്രംപ് കുറിച്ചു.
ഖമേനി യുദ്ധത്തില്‍ വിജയിച്ചെന്ന നഗ്‌നവും വിഡ്ഢിത്തം നിറഞ്ഞതുമായ കള്ളം പറയുകയാണെന്നും ട്രംപ് പറഞ്ഞു. ‘അയാളുടെ രാഷ്ട്രം നശിച്ചു. അയാളുടെ മൂന്ന് പൈശാചിക ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കി.അയാള്‍ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു.
യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ തെഹ്‌റാനെ നേരിട്ട് ലക്ഷ്യം വെക്കാന്‍ പദ്ധതിയിട്ട ഇസ്രയേലിനെ ഞാന്‍ തിരികെ വിളിച്ചെന്ന ട്രംപ് അവകാശപ്പെട്ടു. അല്ലെങ്കില്‍ നിരവധി നാശനഷ്ടമുണ്ടാകുകയും നിരവധി ഇറാനികള്‍ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമായി ഇത് മാറുമായിരുന്നു’, ട്രംപ് പറഞ്ഞു. ഖമേനിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിവരണമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.