ന്യൂഡല്‍ഹി: ഡ്രൈവര്‍ അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ ലോക്ക് ആവുന്നത് തടയുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നതുമാണ് എബിഎസ്. ഇപ്പോള്‍ നിലവില്‍ 125 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. അതുകൊണ്ടു തന്നെ ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല.
ഈ സാഹര്യത്തിലാണ് 2026 ജനുവരിക്ക് ശേഷം നിര്‍മിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും എഞ്ചിന്‍ ശേഷി പരിഗണിക്കാതെ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഗതാഗതഹൈവേ മന്ത്രാലയം രംഗത്തുവന്നിട്ടുള്ളത്. റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.
സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022ല്‍ ഇന്ത്യയിലെ 1,51,997 റോഡപകടങ്ങളില്‍ ഏകദേശം 20 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. എബിഎസ് പ്രാവര്‍ത്തികമാകുന്നതോടെ അപകടനങ്ങള്‍ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.