തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ പി വി അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചന. രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ആയൂര്‍വേദ ചികിത്സയിലായതിനാല്‍ കെപിസിസി മുന്‍ അധ്യക്ഷന്മാരായ വി എം സുധീരനും കെ സുധാകരനും യോഗത്തില്‍ പങ്കെടുക്കില്ല.അന്‍വറിനെ കാര്യമാക്കാതെ ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിച്ച്, വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വി ഡി സതീശന്‍ ക്യാംപ്. അന്‍വര്‍ യുഡിഎഫിലേക്ക് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണിപ്പോഴും വി ഡി സതീശന്‍.
മണ്ഡലത്തില്‍ ഇരുപതിനായിരുത്തനടുത്ത് വോട്ട് പിടിച്ച അന്‍വറിന് മണ്ഡലത്തിലുള്ള സ്വാധീനവും യോഗത്തില്‍ ചര്‍ച്ചാ വിഷയം ആയേക്കാം. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ മണ്ഡലത്തില്‍ യുഡിഎഫിന് നില മെച്ചപ്പെടുത്താമായിരുന്നുവെന്ന് കെ മുരളീധരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു.
കൂടാതെ മലപ്പുറത്ത് ഇന്ന് മുസ്‌ലിം ലീഗ് നേതൃയോഗം ചേരുന്നുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലവും അന്‍വറിന്റെ യുഡിംഎഫ് പ്രവേശനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരിക്കും ഇവിടെയും ചര്‍ച്ച. അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വന്നിട്ടുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന്റെ പ്രവേശനം ചര്‍ച്ചയാകുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അന്‍വറിനെ യുഡിഎഫിലേക്ക് കൊണ്ടുവരണമെന്ന നിലപാടിലാണ് മുസ്ലിംലീഗ്.