ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയ പാക് സൈനികനെ താലിബാന്‍ കൊലപ്പെടുത്തി; താലിബാന്റെ നീക്കങ്ങള്‍ പാകിസ്ഥാന് തിരിച്ചടിയാകുന്നു

ഇസ്‌ലമാബാദ്: ഇന്ത്യന്‍ യുദ്ധവിമാന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാകിസ്താന്‍ സൈനികനെ താലിബാന്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനികനായ മേജര്‍ സയ്യീദ് മോയിസ് അബ്ബാസ് ഷാ (37) താലിബാനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശമായ തെക്കന്‍ വസീരിസ്ഥാനിലാണ് സംഭവം.

പാകിസ്താന്‍ സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റുമുട്ടലില്‍ പാകിസ്താന്റെ മറ്റൊരു സൈനികനായ ലാന്‍സ് നായിക് ജിബ്രാന്‍ ഉല്ലാഹും(27)കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഏറ്റുമുട്ടലില്‍ താലിബാന്റെ പതിനൊന്ന് തീവ്രവാദികളെ കൊലപ്പെടുത്തിയതായി പാക് സൈന്യം അവകാശപ്പെടുന്നു. ഏഴ് സൈനികര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം പറയുന്നു. മേജര്‍ സയ്യീദ് മോയിസിന്റെ സംസ്‌കാര ചടങ്ങുകളില്‍ പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ പങ്കെടുത്തു.

2019 ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. അഭിനന്ദന്‍ പറത്തിയ മിഗ്24 വിമാനം പാകിസ്താന്‍ വെടിവെച്ചിടുകയായിരുന്നു. മിഗ് വിമാനം തകര്‍ന്ന് പാക് ഭൂമിയില്‍ പാരച്യൂട്ടില്‍ വന്നിറങ്ങിയ വര്‍ധമാനെ പാക് സൈന്യം പിടികൂടുകയായിരുന്നു. അന്ന് വര്‍ധമാനെ പിടികൂടിയത് മോയിസ് അബ്ബാസ് ഷാ ആയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 58 മണിക്കൂറോളമാണ് വര്‍ധമാനെ പാക് സൈന്യം പിടിച്ചുവെച്ചത്. ഇതിന് ശേഷം വര്‍ധമാനെ പാക് സൈന്യം ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.