ന്യൂയോര്‍ക്ക്: ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുമോയെന്ന ഭീതിയില്‍ അമേരിക്ക. ന്യൂയോര്‍ക്കില്‍ സുരക്ഷ ശക്തമാക്കിക്കഴിഞ്ഞു. ന്യൂയോര്‍ക്ക് നഗരത്തിലെയും രാജ്യ തലസ്ഥാനത്തെയും കൂടുതല്‍ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതായി പൊലീസ് അറിയിച്ചു. ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രത്യാഘാതങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് വകുപ്പ് അറിയിച്ചു. ന്യൂയോര്‍ക്കിലെ മതപരവും സാംസ്‌കാരികവും നയതന്ത്രപരവുമായ സ്ഥലങ്ങളിലേക്ക് പൊലീസിനെ വിന്യസിക്കുന്നതതായും പൊലീസ് അറിയിച്ചു.
ഇറാനിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ന്യൂയോര്‍ക്ക് പൊലീസ് എക്‌സില്‍ കുറിച്ചു. ന്യൂയോര്‍ക്കിലെ എട്ട് ദശലക്ഷത്തിലധികം നിവാസികള്‍ക്ക് സുരക്ഷയൊരുക്കുമെന്നും എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്ന് നിരീക്ഷിക്കുമെന്നും ന്യൂയോര്‍ക്ക് പൊലീസ്. ആരാധനാലയങ്ങള്‍ക്ക് സമീപം കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു.