കോഴിക്കോട്: നഗരത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ സംഘര്‍ഷം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എന്നാല്‍ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.
യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കാനായി പൊലീസുകാര്‍ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ചായ കുടിക്കാന്‍ പോയ പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ കെ പി പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകരും പൊലീസും തല്ലി.
കൊള്ളാന്‍ മാത്രം പഠിച്ചവരല്ല തങ്ങള്‍. പൊലീസുകാര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടിക്ക് തിരിച്ചടി നല്‍കും. അടിച്ചുതീര്‍ക്കാനാണെങ്കില്‍ അടിച്ചുതീര്‍ക്കാം. പൊലീസ് വേണ്ട നടപടി എടുത്തില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു പറഞ്ഞു.