ഇസ്രായേല്‍ ഇന്നലെ 82 പല്‌സതീനികളെ കൊലപ്പെടുത്തി; ഇസ്രായേല്‍ ക്രൂരതക്ക് മുമ്പില്‍ നടുങ്ങി ലോകം; സഹായം കാത്തുനിന്നവരെയും കൊന്നുതളളിയ ഇസ്രായേല്‍ ഭീകരത

ഗാസ: ഇസ്രയേലിന്റെ ക്രൂരത തുടരുന്നു. ഇന്നലെ ആക്രമണത്തില്‍ ഗാസയില്‍ മാത്രം 82 പേരെ ഇസ്രായേല്‍ കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ‘ദെയ്ര്‍ എല്‍ബലാഹി’ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികള്‍ അടക്കമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മധ്യ ഗാസയില്‍ മാത്രം 37 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 23 ആളുകള്‍ സഹായം കാത്ത് നില്‍ക്കുമ്പോള്‍ കൊല്ലപ്പെട്ടവരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസ സിറ്റിയില്‍ 23 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയില്‍ കൊല്ലപ്പെട്ട 22 പേരില്‍ 11 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടഷന്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രംഗത്ത് വന്നിട്ടുണ്ട്. ജിഎച്ച്എഫിന്റെ വിതരണം സാഹചര്യം വഷളാക്കുന്നുവെന്നാണ് യുനിസെഫിന്റെ വിമര്‍ശനം. ഭക്ഷണം വാങ്ങാന്‍ സ്ത്രീകളും കുട്ടികളും തിരക്ക് കൂട്ടുന്നത് അപകടം വരുത്തിവെയ്ക്കുന്നുവെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധമേഖലകള്‍ ഏതെന്നത് സംബന്ധിച്ച് പൊതുജന അവബോധമില്ലാത്തത് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

സഹായ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ പങ്കുവെയ്ക്കപ്പെടുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമ്പോഴേയ്ക്കും ഈ കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ടാകും. ഗാസയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുമ്പോഴായിരിക്കും വിവരം പങ്കുവെയ്ക്കുക. അതിനാല്‍ തന്നെ ആളുകള്‍ക്ക് വിവരം യഥാസമയം ലഭിക്കാതെ വരുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.