ട്രംപിന്റെ ഭീഷണി കയ്യില്‍ത്തന്നെ വച്ചാല്‍ മതിയന്ന് ഇറാന്‍; ഇസ്രായേല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ച; തിരിച്ചടിക്കാന്‍ ഭയമില്ലെന്ന് ഇറാന്‍

ജനീവ: ആണവ ചര്‍ച്ചകള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദം തള്ളി ഇറാന്‍. ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടതിന് പിന്നാലെയാണ് നിലപാട് കടുപ്പിക്കുന്നത്.

ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നല്‍കിയ പ്രതികരണത്തിലാണ് യുഎസിനുള്ള മറുപടി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളുമായി ആയിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ചര്‍ച്ച. കൂടിക്കാഴ്ചയില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുറോപ്യന്‍ നേതാക്കള്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് യുഎസുമായുള്ള ആണവ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയ ശേഷം മാത്രം പരിഗണിക്കാമെന്ന് ഇറാന്‍ നിലപാട് അറിയിച്ചത്.

അതിനിടെ, ഇസ്രയേലിന് എതിരായ ആക്രമണം നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്കകം വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നും ട്രംപ് നിര്‍ദേശിച്ചു. ഇറാനുമായി ചേര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെയും ട്രംപ് തള്ളി. വേണ്ടിവന്നാല്‍ സംഘര്‍ഷത്തിലെ യുഎസ് ഇടപെടല്‍ നേരത്തെയാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ട്രംപിന്റെ ഭീഷണി തങ്ങള്‍ക്കൊന്നുമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.