ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് രാജ്ഭവന്‍; സര്‍ക്കാറിന്റെ ഉദ്ഘാടന പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടക്കില്ല

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന കര്‍ശന നിലപാടെടുത്ത് രാജ്ഭവന്‍. ആ ചിത്രം അവിടെത്തന്നെ ഉണ്ടാകും. ചിത്രത്തിന് മുന്നില്‍ വിളക്കുവെക്കും. ഇതോടെ ഇനി രാജ്ഭവനില്‍ സര്‍ക്കാര്‍ പരിപാടികള്‍ നടക്കാനുള്ള സാധ്യതകള്‍ ഉണ്ടാകില്ലെന്നാണ് വിവരം. തീരുമാനത്തില്‍ രാജ്ഭവന്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനില്‍ നടക്കുക. ശിവന്‍കുട്ടിയുടെ പ്രോട്ടോകോള്‍ ലംഘനത്തില്‍ രാജ്ഭവന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയില്‍ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം. മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെയാണ് രാജ്ഭവന്‍ നിലപാട് കടുപ്പിച്ചത്.

ഭാരതാംബ വിവാദത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച്
ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയില്‍ എന്തൊക്കെ ചിഹ്നങ്ങള്‍ വെക്കണമെന്ന പ്രോട്ടോക്കോള്‍ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.

ഇന്നലെയാണ് രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താന്‍ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു. കൃഷി മന്ത്രി പി പ്രസാദും നേരത്തെ ഇതേ നിലപാട് സ്വീകരിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.