ഇറാനില്‍ നിന്ന് സമാനതകളില്ലാത്ത തിരിച്ചടിയില്‍ അമേരിക്കയുടെ പിന്തുണ അനിവാര്യമെന്ന് നെതന്യാഹു; ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രായേല്‍ ലക്ഷ്യം

ടെല്‍അവീവ്: ഇറാനില്‍ നിന്ന് സമാനതകളില്ലാത്ത തിരിച്ചടി ഏറ്റുവാങ്ങി ഇസ്രായേല്‍. സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ ആക്രമണം കടുപ്പിക്കുമെന്ന് സൂചന നല്‍കുകയാണ് ഇസ്രയേല്‍. വ്യാഴാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ ആശുപത്രി കെട്ടിടം ഉള്‍പ്പെടെ തകരുകയും തലസ്ഥാനമായ ടെല്‍ അവീവില്‍ ഉള്‍പ്പെടെ സ്‌ഫോടനങ്ങള്‍ നടന്നതുമായ സാഹചര്യത്തിലാണ് സംഘര്‍ഷം വ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നത്. ഇറാനെതിരായ സൈനിക നീക്കത്തിന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ സ്വീകരിക്കുമെന്ന ഇസ്രയേല്‍ നിലപാടും വരും ദിവസങ്ങളില്‍ സാഹചര്യം കടുക്കുമെന്നതിന്റെ സൂചനയാണ്.

ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പും ഇതിനിടെ പുറത്ത് വന്നിരുന്നു. ‘ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കാന്‍ കഴിവുണ്ടെന്ന്’ നെതന്യാഹു അവകാശപ്പെട്ടു. ആക്രമണം വര്‍ധിപ്പിക്കുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയില്‍ ഇറാനില്‍ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍ ഇറാനിലെ റാഷ്ത് നഗരത്തിലെ സഫിഡ്രൂദ് ഇന്‍ഡസ്ട്രിയല്‍ ടൗണില്‍ ശക്തമായ സ്‌ഫോടം നടന്നു. കാസ്പിയന്‍ കടലിന്റെ തീരത്ത് ഇറാന്റെ വടക്കന്‍ പ്രവിശ്യകളിലെ സെഫിദ്‌റുദ് പ്രദേശത്തെ വ്യാവസായിക സമുച്ചയത്തിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.

ആക്രമണങ്ങളെ പ്രതിരോധിക്കാനായതായി ഇറാനും അവകാശപ്പെട്ടു. ടെഹ്‌റാന്റെ തെക്ക് കഹ്രിസാക് പ്രദേശത്ത് ഒരു ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍ നഗരം ലക്ഷ്യമിട്ട ആക്രമണങ്ങള്‍ തടയാന്‍ കഴിഞ്ഞു.
അതിനിടെ, പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത കുറയ്ക്കാന്‍ അഗോളതലത്തില്‍ ചര്‍ച്ചയും പുരോഗമിക്കുകയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ജനീവയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തും. ഫ്രാന്‍സ്, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ ഇറാന്‍ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേലിന് ആണവായുധം കൈവശം വെയ്ക്കാം. ഇറാനിന് പാടില്ല. ഈ നയം അമേരിക്കയും ഇസ്രായേലും തിരുത്തിയില്ലെങ്കില്‍ തിരിച്ചടി മാരകമായിരിക്കുമെന്ന് ഇറാന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.