പാലക്കാട്: മുണ്ടൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരന്‍(61) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ചെന്ന കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഈ കഴിഞ്ഞ ഏപ്രിലിലാണ് കണ്ണാടന്‍ ചോലയ്ക്ക് സമീപത്ത് വെച്ച് അലന്‍ എന്ന യുവാവിനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചിരുന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം.
മുണ്ടൂരിലും പ്രദേശങ്ങളിലുമായി ആഴ്ചകളായി നിലയുറപ്പിച്ചിരുന്ന കാട്ടനകളായിരുന്നു വിജിയെയും മകനെയും ആക്രമിച്ചതെന്ന് പരാതിയുണ്ടായിരുന്നു. പരിക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലന്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.
പിന്നാലെ വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. കൊല്ലപ്പെട്ട അലന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ചികിത്സയിലുള്ള അലന്റെ അമ്മ വിജിയുടെ ചികിത്സയും, കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷം മാത്രമേ അലന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തൂ എന്നറിയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മുണ്ടൂരിലും കാട്ടാനക്കലിയില്‍ ജീവന്‍ പൊലിഞ്ഞത്.