വിവാഹ ചടങ്ങുകളില്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ്ണ നിരോധനം; ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹ ചടങ്ങുകളില്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ്ണ നിരോധനം വരുന്നു. മാത്രമല്ല മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹൈക്കോടതി നിരോധിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്‌ട്രോ, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം.

വിവാഹം അടക്കമുള്ള ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റുകള്‍, കപ്പ്, സ്പൂണ്‍, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷന്‍ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം പ്രാബല്യത്തിലാക്കാന്‍ ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, അടിമാലി, മാങ്കുളം, പള്ളിവാസല്‍, മറയൂര്‍, ദേവികുളം, കാന്തല്ലൂര്‍, വട്ടവട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന മൂന്നാര്‍ മേഖല, തേക്കടി, വാഗമണ്‍, അതിരപ്പിള്ളി, ചാലക്കുടി അതിരപ്പിള്ളി മേഖല, നെല്ലിയാമ്പതി, പൂക്കോട് തടാകംവൈത്തിരി, സുല്‍ത്താന്‍ ബത്തേരി, കര്‍ലാഡ് തടാകം, അമ്പലവയല്‍, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നീ ടൂറിസം ഹില്‍ സ്റ്റേഷനുകളിലും ഒറ്റത്തവണ പ്ലാസ്റ്റിക്കിനുള്ള വിലക്ക് ബാധകമാണെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

© 2025 Live Kerala News. All Rights Reserved.