ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി; കേരളത്തില്‍ മഴ വീണ്ടും ശക്തമാകും; ശക്തമായ കാറ്റിനും സാധ്യത; ഇന്ന് റെഡ് അലര്‍ട്ടില്ല

കൊച്ചി: ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതോടെ മഴ വീണ്ടും ശക്തമാകും. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്.. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ ശക്തി പ്രാപിക്കാന്‍ സാധ്യത. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നു മുതല്‍ നാളെ വരെ ( ജൂണ്‍ 19 വരെ ) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ പരമാവധി 40 -50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഏഴു ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് ഇന്നും, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.