തീപിടിച്ച് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; പാതി കത്തിയ ബാരല്‍ കൊല്ലം തീരത്ത്; ഇന്ന് മുതല്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരളതീരത്തടിയും

കൊച്ചി: കൊല്ലം ആലപ്പാട് തീരത്ത് ഓറഞ്ച് നിറത്തിലുള്ള ബാരല്‍ അടിഞ്ഞു. ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്. അറബിക്കടലില്‍ തീപ്പിടച്ച വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ള ബാരലാണെന്ന് സംശയമുണ്ട്. കൂടുതല്‍ ബാരലുകളും കണ്ടെയ്‌നറുകളും ഇന്ന് തീരത്തടിയും. ഇന്ന് മുതല്‍ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ,കൊല്ലം തീരങ്ങളിലുമാണ് കണ്ടെയ്‌നറുകള്‍ അടിയാനാണ് സാധ്യത. കണ്ടെയ്‌നറുകള്‍ കണ്ടെത്തിയാല്‍ 200 മീറ്റര്‍ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്‌നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്.

കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കപ്പല്‍ നിലവില്‍ കരയില്‍നിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ഉള്‍ക്കടലിലാണുള്ളത്. കപ്പല്‍ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. പിന്നീട് കേരള തീരത്തേക്ക് ഒഴുകി നീങ്ങിയ കപ്പലിനെ പുറം കടലിലേക്ക് വലിച്ച് നീക്കിയിരുന്നു. കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകളില്‍ മാരക കീടനാശികളുള്‍പ്പെടെയുള്ളതായാണ് വിവരം.

© 2025 Live Kerala News. All Rights Reserved.