യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; ഇസ്രായേലിന്റെ കൊള്ളരുതായ്മക്ക് മറുപടി നല്‍കി ഇറാന്‍; രണ്ട് ആണവ ശക്തികള്‍ മുഖാമുഖം

തെഹ്‌റാന്‍: പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷമാണ് യുദ്ധത്തിലേയ്ക്ക് നീങ്ങുന്നത്. ഇന്നലെ പുലര്‍ച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേലായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇറാന്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെട്ടുവെന്നും 320ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇറാന്റെ മണ്ണില്‍ മൊസാദ് താവളമുണ്ടെന്നും ഇവിടെ നിന്നും ഇറാനെതിരായ ആക്രമണങ്ങള്‍ നടത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിലേയ്ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെല്‍അവീവിലും ജറുസലേമിലും ഇറാന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ ഇറാന്റെ നദാന്‍സ് ആണവകേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഫോര്‍ദോ, ഇസ്ഫഹാന്‍ തുടങ്ങിയ ഇറാന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിലും ഇസ്രേയേല്‍ ആക്രമണം നടത്തി. ഇറാന്റെ ആണവ പദ്ധതിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന നദാന്‍സ് ആണവ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഫൊര്‍ദോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.
ഇസ്രയേല്‍ ആക്രമണത്തിന് ഇറാനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 300ഓളം മിസൈലുകള്‍ ഇറാന്‍ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 150ഓളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചുവെന്നും ഒന്‍പത് മിസൈലുകള്‍ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 40ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായുമാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇസ്രേയലിലെ ജെറുസലേമില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടെല്‍അവീവില്‍ ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെതിരായ തിരിച്ചടിയ്ക്ക് പിന്നാലെ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ ജനങ്ങള്‍ ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനം നടത്തി.

© 2025 Live Kerala News. All Rights Reserved.