നിലമ്പൂര്‍: ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും മുസ്ലിംലീഗ് നേതാവ് പി കെ ഫിറോസും സഞ്ചരിച്ച വാഹനം തടടഞ്ഞുനിര്‍ത്തി പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരുന്നു വാഹനം തടഞ്ഞുള്ള പരിശോധന. കാറിലുണ്ടായിരുന്ന ചാര നിറത്തിലുള്ള പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നീല ട്രോളിയായിരുന്നെങ്കില്‍ നിലമ്പൂരിലെത്തിയപ്പോള്‍ ചാരനിറത്തിലുള്ള പെട്ടിയായി താരം.
വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു. ഒറ്റരാത്രികൊണ്ട് എംപിയും എംഎല്‍എയും ആയവരല്ല ഞങ്ങള്‍, അവര്‍ പെട്ടിതുറന്ന് പരിശോധിക്കട്ടെയെന്ന് ഷാഷഫി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു. പരിശോധനയില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.