അഹമ്മദാബാദ്: ലണ്ടനില്‍ പുതിയൊരു ജീവിതം തുടങ്ങാന്‍ യാത്രതിരിച്ച കുടുംബത്തെയും വിമാനദുരന്തം തട്ടിയെടത്തു. രാജസ്ഥാന്‍ ബന്‍സ്വരയില്‍ നിന്നുള്ള കുടുംബമാണ് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അകപ്പെട്ട് നാടിന്റെ ദു:ഖമായത്. മരണം സ്ഥിരീകരിച്ച 10 രാജസ്ഥാന്‍ സ്വദേശികളില്‍ അഞ്ചുപേരും പ്രതീക് ജോഷിയും കുടുംബാംഗങ്ങളുമാണ്.
പ്രതീക് ജോഷി കഴിഞ്ഞ ആറ് വര്‍ഷമായി ലണ്ടനിലാണ് താമസിക്കുന്നത്. സോഫ്‌റ്റ്വെയര്‍ പ്രൊഫഷണലായ ജോഷി തന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വിദേശത്ത് ഭാവി കെട്ടിപ്പടുക്കണമെന്ന് വളരെക്കാലമായി സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നം ഒടുവില്‍ ഈ ആഴ്ച യാഥാര്‍ത്ഥ്യമാകാനിരിക്കെയാണ് വിധി ഇവരോട് ക്രൂരത കാട്ടിയത്.
പ്രതീക് ജോഷിയുടെ ഭാര്യ കോമി വ്യാസ് ഡോക്ടറാണ്. പ്രതീക് ജോഷിയുടെ ലണ്ടന്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസം മുന്‍പ് ഇവിടത്തെ ജോലിയില്‍ നിന്ന് കോമി വ്യാസ് രാജി വെച്ചിരുന്നു. അഞ്ച് വയസ്സുള്ള ഇരട്ട പെണ്‍മക്കള്‍ ഉള്‍പ്പെടെ അവരുടെ മൂന്ന് കുട്ടികളും യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നു. ഒരു കുടുംബം ഒന്നടങ്കം വിമാനദുരന്തത്തില്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിലെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരും.