തീയണക്കുന്നതില്‍ ഷിപ്പിംഗ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച; കപ്പല്‍ ഉടമക്ക് നോട്ടീസ്; കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രം

കണ്ണൂര്‍: അഴീക്കലില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ തീപ്പിടിച്ച ‘വാന്‍ ഹായ് 503’ സിംഗപ്പൂര്‍ ചരക്കുകപ്പലിന്റെ ഉടമ ഗുരുതര വീഴ്ച്ച വരുത്തിയതായി ഷിപ്പിംഗ് മന്ത്രാലയം. തീയണക്കുന്നതിലാണ് വീഴ്ച്ചയുണ്ടായത്. കപ്പല്‍ ഉടമക്ക് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നോട്ടീസ്. ചരക്കുകപ്പലില്‍ ഉണ്ടായ തീപിടിത്തത്തില്‍ വാന്‍ഹായ് ലെന്‍സ് ഷിപ്പിങ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ നോട്ടീസില്‍ പറയുന്നു. തീ അണയ്ക്കാനോ കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം കമ്പനി എത്തിച്ചില്ല. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണം. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയെന്നും ഷിപ്പിങ് മന്ത്രാലയത്തിന്റെ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എംഎസ് സി കമ്പനിക്കും ഷിപ്പിങ് മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായി വീഴ്ച വരുത്തി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇന്ത്യന്‍ തീരത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം നോട്ടീസില്‍ പറയുന്നു.

മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികള്‍ ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. വിവിധ ആക്റ്റുകള്‍ പ്രകാരം നടപടി തുടങ്ങും. അടിയന്തര ഇടപെടലുണ്ടായില്ലങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.