ന്യൂഡല്‍ഹി: എയര്‍ കണ്ടീഷന്‍ ഉപയോഗവുമായി ബന്ധപ്പെട്ട് നിലവിലെ നിബന്ധന പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ കുറയ്ക്കാനോ, 28 ഡിഗ്രി സെല്‍ഷ്യസില്‍ മുകളില്‍ കൂട്ടാനോ കഴിയാത്ത രീതിയില്‍ എസിയില്‍ സംവിധാനം ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. നിലവില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
താപനില ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡം കൊണ്ടുവരുന്നത് ഇതാദ്യമാണ്. ‘എയര്‍ കണ്ടീഷനിങ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച്, ഒരു പുതിയ വ്യവസ്ഥ ഉടന്‍ നടപ്പിലാക്കും. എസികളുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ സജ്ജമാക്കും, അതായത് നമുക്ക് 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ തണുപ്പിക്കാനോ 28 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കാനോ കഴിയില്ല,’ ഖട്ടര്‍ പറഞ്ഞു.
റെസിഡന്‍ഷ്യല്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, വാഹനങ്ങളിലെ എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാകും. കാലാവസ്ഥാ വ്യതിയാനം, വര്‍ദ്ധിച്ചുവരുന്ന താപനില, കൂളിങ് ഉപകരണങ്ങളുടെ ഉപയോഗത്തിലെ വര്‍ദ്ധന ഉണ്ടാക്കുന്ന ആശങ്കകള്‍ക്കിടയിലാണ് കേന്ദ്രനീക്കം. ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകള്‍ കുറയാനും ഈ നീക്കം സഹായകമാകും.