നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യുഡിഎഫില്‍ നിന്ന ഉറപ്പൊന്നും ലഭിച്ചില്ലെങ്കിലും ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാനാണ് തീരുമാനം. തിങ്കളാഴ്ച നിലമ്പൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പാര്‍ട്ടിയുടെ പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി, തങ്ങളെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് അറിയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ഒരു മുന്നണിയിലും ചേരുന്നതിന് എതിരല്ലെന്ന് നേതൃത്വം വ്യക്തമാക്കി, എന്നാല്‍ നിലവില്‍ നിലമ്പൂരില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നതിലേക്ക് നയിച്ചത് രാഷ്ട്രീയ നിലപാടാണ് എന്ന് പാര്‍ട്ടി അവകാശപ്പെട്ടു.
നേരത്തെ, വി എസ് ജോയിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുകയും ആര്യാടന്‍ ഷൗക്കത്തിന് പകരം അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിക്ക് പുറമെ പി വി അന്‍വറും ജോയിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആര്യാടന്‍ ഷൗക്കത്തിനോട് നേരത്തെ തന്നെ വിയോജിപ്പുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. എന്നാല്‍ യു ഡി എഫോ കോണ്‍ഗ്രസോ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല. ജമാഅത്തെ ഇസ്ലാമിയുടെ മതമൗലീകവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നയാളാണ് ആര്യാടന്‍ ഷൗക്കത്ത്.