കപ്പല്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; കോസ്റ്റ്ഗാര്‍ഡ് ഷിപ്പുകള്‍ക്ക് അടുക്കാനാവുന്നില്ല; കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നു

കൊച്ചി: കേരള തീരത്ത് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ തീപിടിച്ച കപ്പല്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. തീ നിയന്ത്രണവിധേയമായിട്ടില്ല. കോസ്റ്റ്ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുത്തേക്കെത്താന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടവരെ നാവികസേന കപ്പലായ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതര പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം മംഗലാപുരത്ത് എത്തിക്കും. പരിക്കേറ്റവരെല്ലാം നിലവില്‍ ഐഎന്‍എസ് സൂറത്തിലാണ്.

കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടാത്. പൊട്ടിത്തെറിയില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ് സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം സി 144 വിമാനം രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.