നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് നാമനിര്‍ദേശ പത്രിക തള്ളി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ നല്‍കിയ നാമനിര്‍ദേശ പത്രികയാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ, സ്വതന്ത്രന്‍ എന്ന നിലയിലും രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികകളാണ് പി വി അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സ്വതന്ത്രനായി നല്‍കിയ പത്രിക തള്ളിയിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. മണ്ഡലത്തിലെ പത്തു പേരുടെ ഒപ്പ് നാമനിര്‍ദേശ പത്രികയില്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായിട്ടുള്ള പി വി അന്‍വറിന്റെ പത്രികയില്‍ ഒരു ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് പത്രിക തള്ളിയതായി വരണാധികാരി അറിയിച്ചത്. എന്നാല്‍ വരണാധികാരിയുടെ തീരുമാനത്തെ അന്‍വറിന്റെ അനുകൂലികള്‍ എതിര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അന്‍വര്‍ നല്‍കിയിരുന്നത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയില്‍ സൂക്ഷ്മ പരിശോധന നടക്കുമ്പോള്‍ അന്‍വര്‍ നേരിട്ടെത്തിയിരുന്നു. വിഷയത്തില്‍ അഭിഭാഷകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അട്ടിമറി സാധ്യത തോന്നിയതു കൊണ്ടാണ് താന്‍ സബ് കളക്ടര്‍ ഓഫിസിലെത്തിയതെന്നാണ് അന്‍വറിന്റെ വാദം.