പി വി അന്‍വറിന് തിരിച്ചടിയായത് അത്യാര്‍ത്തി; മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളി അന്‍വര്‍ ആവശ്യപ്പെട്ടു; കുറ്റം വി ഡി സതീശന്റെ തലയില്‍ വച്ചു

കോഴിക്കോട്: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളി പി വി അന്‍വര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് യുഡിഎഫ് പടിയിറക്കത്തിന് കാരണമെന്ന് വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചതും തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉറപ്പു നല്‍കാത്തതും നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ ഇടയാന്‍ കാരണം കൊടുവള്ളി സീറ്റെന്നാണ് പുറത്തുവരുന്ന വിവരം.

ഒരു കക്ഷി മുന്നണിയുടെ ഭാഗമാകുന്നതിന് മുമ്പ് തന്നെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനോ രേഖാമൂലം ഉറപ്പ് നല്‍കാനോ യു ഡി എഫിന് എങ്ങനെ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍, യുഡിഎഫിലെ ഉന്നത നേതാക്കളുടെ അഭിപ്രായത്തില്‍, സ്ഥിതി കൂടുതല്‍ വഷളാക്കിയത് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ ഇടപെടലാണ്. പ്രതിസന്ധി പരിഹരിക്കാന്‍, കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരു നിയമസഭാ സീറ്റ് നല്‍കാനുള്ള സാധ്യത കോണ്‍ഗ്രസ് പരിഗണിക്കാമെന്ന് പ്രവീണ്‍ അന്‍വറിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ‘കെപിസിസിയുടെ സമ്മതമില്ലാതെ എടുത്ത നീക്കമായിരുന്നു ഇത്,’ ഒരു മുതിര്‍ന്ന യുഡിഎഫ് നേതാവ് പറഞ്ഞു. ‘ഇത് നിര്‍ണായകമായി. ഒരു സീറ്റിനായി രേഖാമൂലമുള്ള ഉറപ്പിനായി അന്‍വര്‍ വിലപേശല്‍ ആരംഭിച്ചു,’ അദ്ദേഹം പറഞ്ഞു.

അതേസമയം, അന്‍വറിന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുന്നു. കോഴിക്കോട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച അട്ടിമറിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. വേണുഗോപാല്‍ ബന്ധപ്പെടാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിട്ടും അന്‍വര്‍ പ്രതികരിച്ചില്ലെന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, ഈ തര്‍ക്കങ്ങള്‍ മൂലം മത്സര രംഗത്ത് എല്‍ഡിഎഫിനെതിരെ തുടക്കത്തിലുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടതായാണ് പല യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം. അന്‍വര്‍ സംഭവം കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും അവര്‍ ആശങ്കപ്പെടുന്നു. അന്‍വറിനെ സംബന്ധിച്ച് വരാനിരിക്കുന്ന ദിവസങ്ങള്‍ രാഷ്ട്രീയ അതിജീവനത്തിന് നിര്‍ണായകമായിരിക്കും, ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് അദ്ദേഹം നേരിടുന്നത്. നേരത്തെ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അന്‍വറിന് ഡി ഐ സി എന്ന പാര്‍ട്ടി, അതിന് ശേഷം, സി പി എം പിന്നീട് കെ പി സി സി പ്രസിഡന്റായിരുന്ന കെ. സുധാകരന്‍ എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ ആര്യാടന്‍ ജയിച്ചാലും സ്വരാജ് ജയിച്ചാലും അന്‍വറിന്റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ അവസാനിക്കും.

© 2025 Live Kerala News. All Rights Reserved.