യുഡിഎഫിലേക്കില്ല, മത്സരിക്കാന്‍ കയ്യില്‍ പണമില്ല; കടമുണ്ട്; തന്നെ ഞെക്കിപ്പിഴിഞ്ഞശേഷം പുറത്തേക്കെറിഞ്ഞു; കണ്ണ് നിറഞ്ഞ് പി വി അന്‍വര്‍

നിലമ്പൂര്‍: മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും കയ്യില്‍ കാശില്ലാത്തതിനാലാണ് മത്സരിക്കാത്തതെന്ന് പി വി അന്‍വര്‍. പൈസ വേണ്ടേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍. ഒരു പൈസയും കയ്യിലില്ല. ആകെ കടക്കാരനാണ്. കേരളത്തില്‍ സ്വത്തു വെളിപ്പെടുത്തി ഏറ്റവും കൂടുതല്‍ സ്വത്ത് വെളിപ്പെടുത്തിയതിന്‍ ഞാനാണ് നമ്പര്‍ വണ്‍ എന്ന് ടിവിയില്‍ കാണുമ്പോള്‍ ചിരി വരും. എന്നെ തകര്‍ത്ത് തരിപ്പണമാക്കിയില്ലേ ഇവരെല്ലാം ചേര്‍ന്നെന്ന് അന്‍വര്‍ ചോദിച്ചു. ലോകം മുഴുവന്‍ തനിക്കെതിരെ കേസു കൊടുത്തു. ഇപ്പോള്‍ എത്ര കേസുകളുണ്ടെന്ന് അറിയുമോ?. ലക്ഷങ്ങള്‍ വരുമാനം ഉണ്ടായിരുന്ന അന്‍വറിനെ പൂജ്യത്തിലാക്കി. പലതും ജപ്തിയുടെ വക്കിലാണ്. പതിനായിരം രൂപയ്ക്ക് പോലും ബുദ്ധിമുട്ടുന്നു. പി വി അന്‍വറിനെ തകര്‍ത്തത് ജനങ്ങള്‍ക്ക് വേണ്ടി പറഞ്ഞതിനാണ്.

എല്‍ഡിഎഫും യുഡിഎഫും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാന്‍ പോകുന്നത്. അവര്‍ കോടികള്‍ പൊടിക്കുന്നത് ചേലക്കരയില്‍ ഞാന്‍ കണ്ണുകൊണ്ട് കണ്ടതാണ്. ഒരു ബൂത്തില്‍ നാലും അഞ്ചും ലക്ഷമാണ് ചെലവാക്കിയത്. 97 എംഎല്‍എമാരും മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരും എംപിമാരും നിലമ്പൂരിലേക്ക് വരാന്‍ പോകുകയാണ്. മരുമോന്റെ സംഘം കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ഇങ്ങോട്ടു വരും. യുഡിഎഫിന്റെ 42 എംഎല്‍എമാരും അവരുടെ എംപിമാരും, കൂടാതെ പ്രതിപക്ഷ നേതാവിന്റെ സംഘവും ഇങ്ങോട്ടും വരും. ഇവരങ്ങ് ഇടിച്ചു തിമിര്‍ത്ത് പോകുവല്ലേയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പി വി അന്‍വറും യുഡിഎഫും ഒരുമിച്ച് നിന്നിട്ടും നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചാലുള്ള അവസ്ഥയെന്താണ്?. പിന്നെ പിണറായിസമുണ്ടോ?. ഭരണവിരുദ്ധ വികാരമുണ്ടോ?. കേരളത്തിലെ 140 മണ്ഡലങ്ങളെയും ഇതു ബാധിക്കില്ലേയെന്ന് അന്‍വര്‍ ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് എതിരാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ നിലമ്പൂരില്‍ രാജിവെച്ചത്.

ആരെയും കണ്ടിട്ടല്ല എല്‍ഡിഎഫില്‍ നിന്നും ഇറങ്ങിവന്നത്. സര്‍വശക്തനായ ദൈവത്തെയും ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങളെയും കണ്ടിട്ടാണ്. ഈ പാവപ്പെട്ട മനുഷ്യരിലാണ് പ്രതീക്ഷയെന്ന് അന്‍വര്‍ പറഞ്ഞു. ഭൂരിപക്ഷം കണ്ട് ഭയപ്പെടരുത്, നീ നീതിക്കുവേണ്ടി നിലകൊള്ളണം എന്നാണ് ഖുറാനും ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും പറയുന്നത്. ഭൂരിപക്ഷത്തെ കണ്ടിട്ട് ഭയപ്പെട്ട് നാളത്തെ അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി, പിണറായിസത്തിനെതിരെ, ഈ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പോരാട്ടത്തില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. മിത്രമെന്ന് കരുതിയവര്‍ അങ്ങനെയല്ലെന്ന് മനസ്സിലായി. ശത്രുവിനൊപ്പമാണ് ഇപ്പുറത്തെ ചിലരൊക്കെയെന്ന വസ്തുത മനസ്സിലായന്നും അന്‍വര്‍ പറഞ്ഞു. വികാരധീനനായാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.

© 2025 Live Kerala News. All Rights Reserved.