വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിര്‍ദേശം ഇസ്രയേല്‍ അംഗീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് പുതിയ നിര്‍ദേശം നെതന്യാഹുവിന് മുന്നില്‍ വെച്ചത്. ഇരുപതുമാസത്തോളമായി രക്തരൂഷിതയുദ്ധം നടക്കുന്ന ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലാണ് കരാറില്‍ ലക്ഷ്യമിടുന്നത്. കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹാമിസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് പ്രതിരോധമന്ത്രി കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.
യുഎസിന്റെ താത്കാലിക വെടിനിര്‍ത്തല്‍ബന്ദിമോചന നിര്‍ദേശവുമായി ഇസ്രയേല്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് വ്യാഴാഴ്ച ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് നെതന്യാഹു ഉറപ്പുനല്‍കി. 60 ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി രണ്ട് ഘട്ടങ്ങളായി 10 ഇസ്രായേലി ബന്ദികളെയും 18 മൃതദേഹങ്ങളെയും മോചിപ്പിക്കാനും 1,236 പലസ്തീന്‍ തടവുകാരെയും 180 പലസ്തീന്‍ മൃതദേഹങ്ങള്‍ക്കൊപ്പം മോചിപ്പിക്കാനും നിര്‍ദ്ദേശത്തില്‍ വ്യവസ്ഥയുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പലസ്തീന്‍ അനുകൂല സംഘടനയായ ഹമാസിന് കൈമാറിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പരിശോധിച്ചു വരികയാണെന്നാണ് ഹമാസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.
ഗാസയിലെ മാനുഷികപ്രതിസന്ധിയുടെ പേരില്‍ ഇസ്രയേലിനോടുള്ള നിലപാട് കടുപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളോടാവശ്യപ്പെട്ടതിനെ ഇസ്രയേല്‍ അപലപിച്ചു. അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കില്‍ മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റവിപുലീകരണം നടത്താനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. പുതുതായി 22 ജൂതകുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.