തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് തന്നെ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്നും പി വി അന്‍വര്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.
രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അന്‍വര്‍ ഇടതുമുന്നണിയെ വഞ്ചിച്ചു. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചെളിവാരിയെറിയുന്നുവെന്നാണ് അന്‍വര്‍ യുഡിഎഫിനെക്കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും താറടിച്ച് മുന്നണി വിട്ട അന്‍വറിനെതിരെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്താകെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരു അഭിപ്രായം ശക്തിപ്പെട്ടു വരുന്നുണ്ടെന്നും ഇത് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും എം സ്വരാജ് പറഞ്ഞു. ഇത് ഇടതുപക്ഷക്കാര്‍ മാത്രമല്ല അല്ലാത്തവരും ഉണ്ട്, അവര്‍ പറയുന്നത് കേരളം ഭരിക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നാണ് അതിന് കാരണം കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ്, ക്ഷേമപ്രവര്‍ത്തനങ്ങളാണ്. ഒരു നവകേരളം സൃഷ്ടിക്കുക, അതിന്റെ ഗുണഭോക്താക്കളാണ് സാധരണക്കാരായ ജനങ്ങള്‍. അതുകൊണ്ട് അവര്‍ക്ക് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് വലിയ മമതയാണ് ഉള്ളതെന്നും’ എം സ്വരാജ് പറഞ്ഞു.
അതേസമയം ശക്തരായ രണ്ട് സ്ഥാനാര്‍ഥികളെയാണ് ഇടത്-വലത് പാര്‍ട്ടികള്‍ രംഗത്തിറക്കിയിട്ടുള്ളത്. ആര്യാടന്‍ ഷൗക്കത്തിന് ഒപ്പം നില്‍ക്കുന്നയാളാണ് എം സ്വരാജ്. ഇടത് ക്യാമ്പുകളില്‍ ആവേശം പകര്‍ന്ന് സ്വരാജ് മണിക്കൂറുകള്‍ക്കകം തന്നെ അങ്കത്തട്ടിലിറങ്ങും.