യുഡിഎഫ് കനിയാന്‍ ഒരു പകല്‍കൂടി അന്‍വര്‍ കാത്തിരിക്കും; കോണ്‍ഗ്രസിന് അന്‍വറിനോട് കാര്യമായ താല്‍പര്യമില്ല; ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചിട്ട് വന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ്

മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനത്തിനായി പിവി അന്‍വറിന്റെ കാത്തിരിപ്പ് തുടരുന്നു. ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചതായി അന്‍വര്‍.യുഡിഎഫ് നേതാക്കള്‍ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം അന്‍വര്‍ റദ്ദാക്കി. ചില പ്രധാന കാര്യങ്ങള്‍ പറയാനായിരുന്നു വാര്‍ത്താസമ്മേളനം എന്നും എന്നാല്‍ ആ കാര്യം ഇപ്പോള്‍ പറയുന്നില്ല എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച ശേഷം മതി ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കര്‍ക്കശമായ നിലപാട് തുടരും.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കൈവിട്ടതോടെ ഇനി എങ്ങോട്ടെന്നറിയാതെയായിരുന്നു പിവി അന്‍വറിന്റെ പോക്ക്. അറ്റകൈക്ക് തൃണമൂല്‍ സ്ഥാനാര്‍ഥിയാകാനാണ് അന്‍വറിന്റെ തീരുമാനം. അങ്ങനെ സംഭവിച്ചാലും പിന്നെ ഏറെക്കുറെ പിവി അന്‍വര്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാകും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കിയതോടെയാണ് അന്‍വറിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റത്. കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന ഒരു നേതൃത്വമുണ്ടെന്നും അന്‍വറുമായുള്ള പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളുമെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.

‘മുതിര്‍ന്ന നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം അവരുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വമുണ്ട്. അന്‍വറുമായുള്ള പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളും,’ കെസി. വേണുഗോപാല്‍ പറഞ്ഞു. ഒന്നരമണിക്കൂറോളം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി.

തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‍കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ലെന്ന് പിവി അന്‍വര്‍ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു. അന്‍വര്‍ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താന്‍ അധികപ്രസംഗം നടത്തിയതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 15 ന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി യുഡിഎഫ് അംഗത്വത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ തന്നോട് പറഞ്ഞതാണ്. പിന്നീട് ഇക്കാര്യത്തില്‍ ഒരു വിവരവുമില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍, പോരാ വാര്‍ത്താസമ്മേളനം നടത്തി തന്നെ പ്രഖ്യാപിക്കണമെന്നാണ് വിഡി സതീശന്‍ അന്നു പറഞ്ഞത്. വിഡി സതീശന്‍ അത് ചെയ്യാത്തതല്ലേ പ്രശ്‌നം. യുഡിഎഫ് പ്രവേശനത്തിന് മുന്‍കൈയെടുത്തത് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്. എന്നാല്‍ ഇതുവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.