നിലമ്പൂരില്‍ ഇടതുസ്ഥാനാര്‍ഥി ആരാണെന്ന് ഇന്നറിയാം; എം സ്വരാജിനായി സിപിഎം മലപ്പുറം ഘടകം; സ്വതന്ത്ര സ്ഥാനാര്‍ഥി സാധ്യതയും തള്ളാതെ നേതൃത്വം

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സെക്രട്ടേറിയറ്റ് ആണ് അന്തിമ തീരുമാനം എടുക്കുക.എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റിക്കുണ്ട്. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍ എന്നിവര്‍ പരിഗണനയിലുണ്ട്. പ്രൊഫ. തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരുടെ പേരാണ് പൊതുസ്വതന്ത്രരായി പറഞ്ഞു കേള്‍ക്കുന്നത്.

പി വി അന്‍വര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കൂടിയെന്ന വിലയിരുത്തലിലാണ് നേത്യത്വം. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ നിലമ്പൂരില്‍ ക്യാംപ് ചെയ്യണം എന്നതും യോഗത്തില്‍ തീരുമാനിക്കും.

എല്‍ഡിഎഫ് യോഗവും ഇന്ന് ചേരുന്നുണ്ട്. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമമാക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് സിപിഎം നേതാക്കള്‍ യോഗത്തെ അറിയിക്കും. വൈകിട്ട് 3.30 ന് എകെജി സെന്ററില്‍ വെച്ചാണ് യോഗം ചേരുക. സിറ്റിംഗ് സീറ്റില്‍ ഏത് വിധേയനെയും വിജയിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. വിജയം ഉറപ്പിച്ചാല്‍ തുടര്‍ഭരണ സാധ്യത സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്ന വലയിരുത്തലിലാണ് നേത്യത്വം. എം സ്വരാജിനെപ്പോലൊരു സ്ഥാനാര്‍ഥിയാണെങ്കിലും വിജയപ്രതീക്ഷയേറെയാണെന്ന് സിപിഎം മലപ്പുറം ഘടകം ചൂണ്ടിക്കാട്ടുന്നു.

© 2025 Live Kerala News. All Rights Reserved.