തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് റയില്‍പാളത്തില്‍ മരംവീണ് 16 ട്രയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകളാണ് വൈകിയോടുന്നത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി രണ്ടര മണിക്കൂറാണ് വൈകുക. തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, കന്യാകുമാരികൊല്ലം മെമു, പുനലൂര്‍മധുര, കത്ര കന്യാകുമാരി ഹിമസാഗര്‍, കൊല്ലം പാസഞ്ചര്‍, മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി, ഷാലിമാര്‍ എക്‌സ്പ്രസ്, പുനലൂര്‍ പാസഞ്ചര്‍, പരശുറാം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, ഹിമസാഗര്‍ എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളും വൈകും. 56322 നിലമ്പൂര്‍ഷൊര്‍ണുര്‍ പാസഞ്ചര്‍ (നിലമ്പൂരില്‍ നിന്ന് രാവിലെ 7മണിക്ക് പുറപ്പെടുന്നത്), 56323ഷൊര്‍ണുര്‍-നിലമ്പൂര്‍ പാസഞ്ചര്‍ (ഷൊര്‍ണുരില്‍ നിന്ന് രാവിലെ 9മണിക്ക് പുറപ്പെടുന്നത്)ഈ രണ്ട് വണ്ടികളും ഇന്ന് റദ്ദ് ചെയ്തു. ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാളത്തില്‍ മൂന്നിടങ്ങളില്‍ മരം വീണിരുന്നു.
അതേ സമയം, സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് ഉള്ള ജില്ലകളില്‍ 3.30നും ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകളില്‍ 4 നും സൈറണ്‍ മുഴങ്ങും.