മലപ്പുറം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിലപേശി യുഡിഎഫിലെത്തുകയെന്ന തന്ത്രമാണ് പിവി അന്‍വര്‍ പയറ്റുന്നത്. അന്‍വര്‍ പോയാല്‍ പോട്ടെയെന്ന നിലപാടാണ് പ്രതിപക്ഷ നേതാന് വി ഡി സതീശന്റേത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തിലൂടെ പിവി അന്‍വര്‍ നടത്തിയിരിക്കുന്നത്. നിരന്തരം അവഗണന തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‍കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ല. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.
യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 15 ന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി യുഡിഎഫ് അംഗത്വത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ തന്നോട് പറഞ്ഞതാണ്. പിന്നീട് ഇക്കാര്യത്തില്‍ ഒരു വിവരവുമില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍, പോരാ വാര്‍ത്താസമ്മേളനം നടത്തി തന്നെ പ്രഖ്യാപിക്കണമെന്നാണ് വിഡി സതീശന്‍ അന്നു പറഞ്ഞത്. വിഡി സതീശന്‍ അത് ചെയ്യാത്തതല്ലേ പ്രശ്‌നം. യുഡിഎഫ് പ്രവേശനത്തിന് മുന്‍കൈയെടുത്തത് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്. എന്നാല്‍ ഇതുവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു.
‘ഇപ്പോള്‍ എന്നെ പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുകയാണ്. ഇന്നലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതൃത്വവും എന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്. സുജിത് ദാസും എംആര്‍ അജിത് കുമാറും കൂടി മലപ്പുറത്തെ യുവാക്കളെ ദ്രോഹിച്ചത് തുറന്നു പറഞ്ഞതാണോ കുറ്റം.
ഒരു വടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയാലും തനിക്ക് പ്രശ്‌നമില്ല. ഷൗക്കത്തിനോട് അഭിപ്രായവ്യത്യാസമുണ്ട്. അതു തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ ഒരു വിവാഹത്തിന് ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. വ്യക്തിപരമായ വിരോധമുണ്ടെങ്കില്‍ അങ്ങനെ ചെയ്യില്ലല്ലോ. അതല്ല ഇവിടെ വിഷയമെന്നും പി വി അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാലുമായി ഈ വിഷയം സംസാരിച്ചിട്ടില്ല. ഇന്ത്യയുടെ മുഴുവന്‍ കോണ്‍ഗ്രസിന്റെയും ചുമതലയുള്ള നേതാവാണ്. അദ്ദേഹത്തിലാണ് ഇനി പ്രതീക്ഷ. എന്റെ പ്രശ്‌നങ്ങള്‍ കെസി വേണുഗോപാലിനോട് തുറന്നു പറയും. ലീഗ് നേതൃത്വത്തോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. കെ സുധാകരനും രമേശ് ചെന്നിത്തലയും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. കെ മുരളീധരന്‍ പലവട്ടം വിളിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജയന്ത്, പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ തന്നെ വന്നു കണ്ടിരുന്നു. കെസി വേണുഗോപാലിനെ കണ്ട് പരിഹാരം ഉണ്ടാക്കാന്‍ കഴിയുമോയെന്ന് നോക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.