അന്‍വര്‍ പോയാല്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ്; യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കും; ഒരു ഒത്തുതീര്‍പ്പിനും ഇനിയില്ല

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ പോയാല്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ്. പ്രമുഖ നേതാക്കള്‍ക്കെല്ലാം ഈ നിലപാട് തന്നെയാണ്. അന്‍വറിനോട് ഇനി ഒരു ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി.

ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. ഒത്തുതീര്‍പ്പിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ നിലപാട്. അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുസ്‌ലിം ലീഗിലും അന്‍വറിന്റെ നിലപാടില്‍ അമര്‍ഷമുണ്ട്. ഒറ്റക്കെട്ടായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്‍വറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ എല്ലാ ധാരണയും കാറ്റില്‍ പറത്തുന്ന സമീപനമായിരുന്നു കഴിഞ്ഞ ദിവസം അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ പറയുന്നത്. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന അന്‍വറിനെ കൂടെക്കൂട്ടണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചോദ്യമുയരുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.