നിലമ്പൂരില്‍ ഇനി യുഡിഎഫിന്റെ കാലം; തിരിച്ചുവരവിന് മണ്ണൊരുങ്ങി; അന്‍വറിന്റെ കാര്യം പറഞ്ഞ് സമയം കളയാനില്ലെന്നും ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും അതിനുള്ള മണ്ണൊരുങ്ങിയെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ഉപതിരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കാനും യുഡിഎഫിന്റെ സീറ്റുകള്‍ വലിയ ഭൂരിപക്ഷത്തില്‍ പിടിച്ചു നിര്‍ത്താനും സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സാഹചര്യം അനുകൂലമാണ്. പ്രിയങ്കാ ഗാന്ധിക്ക് വലിയ ഭൂരിപക്ഷം നിലമ്പൂര്‍ നല്‍കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാനും ജോയ്‌യും അടക്കമുള്ളവര്‍ തീരുമാനിച്ചത്. എന്നെ പാര്‍ട്ടി ദൗത്യം ഏല്‍പ്പിച്ചു. എന്നെ പോലെ യോഗ്യതയുള്ള അര്‍ഹതയുള്ള നിരവധിയാളുകളുണ്ട്. എന്നാല്‍ എന്നെയാണ് പാര്‍ട്ടി ദൗത്യം ഏല്‍പ്പിച്ചത്. ഞങ്ങള്‍ ഒരു ടീമായി നിന്നാണ് ദൗത്യം പൂര്‍ത്തീകരിക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുന്‍ എംഎല്‍എ പി വി അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങളിലും ആര്യാടന്‍ ഇങ്ങനെ പറഞ്ഞു. മറ്റുള്ളവരുടെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാന്‍ ഈ സമയം ഉപയോഗിക്കില്ലെന്നും തനിക്ക് നിരവധി കാര്യങ്ങള്‍ ജനങ്ങളുമായി സംവദിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്ക് പുറകെ പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു തിരഞ്ഞെടുപ്പാകുമ്പോള്‍ പരമാവധി ആളുകളെ കൂടെ കൂട്ടുകയെന്നതാണ് ഏത് സ്ഥാനാര്‍ത്ഥിയുടെയും ലക്ഷ്യം. ഇടതുപക്ഷത്തെ കുറിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കുറിച്ചാണ് അന്‍വറിന് പറയാനുള്ളതെങ്കില്‍ അദ്ദേഹത്തെയും കൂടെ കൂട്ടും. ആര്‍ക്കെതിരെയാണോ നമ്മള്‍ പോരാടുന്നത് അതിന് വേണ്ടി പരമാവധി ആളുകളെ കൂടെ കൂട്ടും. അത് ചരിത്ര വസ്തുതയാണ്. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകും’, അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണ് നേരിടുന്നതെന്നും നിലമ്പൂരിലെ പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ പ്രാദേശികമായ മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, കാട്ടാന ആക്രമണം, ആദിവാസി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിവയെല്ലാം ചര്‍ച്ചയാകുമെന്നും ആര്യാടന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.