കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്തെത്തുന്നു; കണ്ടെയ്‌നറുകള്‍ തുറന്ന നിലയില്‍; എണ്ണച്ചോര്‍ച്ച മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക

കൊല്ലം: അറബിക്കടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 എന്ന കപ്പലിലേതെന്ന് കരുതുന്ന എട്ട് കണ്ടെയ്‌നറുകള്‍ ഇതുവരെ തീരമടിഞ്ഞു.
കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടുക്കുന്നുണ്ട്. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഇതിന് പിന്നാലെ കൊല്ലം നീണ്ടകര പരിമണ് തീരത്ത് മൂന്ന് കണ്ടെയ്‌നറുകള്‍ കൂടി അടിഞ്ഞു. ശക്തികുളങ്ങര മദാമ്മ തോപ്പില്‍ 3 കണ്ടെയ്‌നറുകളുമാണ് അടിഞ്ഞത്.

തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ തുറന്ന നിലയിലായിരുന്നു. അകത്ത് ഒന്നുമില്ലായിരുന്നു.ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്. കണ്ടയിനറുകളില്‍ ചിലത് അമ്പലപ്പുഴയിലോ തോട്ടപ്പള്ളി ഭാഗത്തോ അടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ടെയ്‌നറുകള്‍ കൂടുതലായി തീരത്ത് എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

രാത്രി വലിയ ശബ്ദത്തോടെയാണ് ചെറിയഴീക്കല്‍ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്‌നര്‍ കരയിലേക്ക് ഇടിച്ചു കയറിയത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു കണ്ടെയ്‌നര്‍. ഇതോടെ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയത്. ഏകദേശം 100ഓളം കണ്‍ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്.

അതേസമയം, അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ മൂന്നില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ചയില്‍ മത്സ്യമേഖല കടുത്ത ആശങ്കയില്‍. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയില്‍ ആഘാതമുണ്ടാക്കും. ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഈ അപകട സാധ്യത എങ്ങനെ മറികടക്കാന്‍ കഴിയുമെന്നാണ് ആലോചന.

© 2025 Live Kerala News. All Rights Reserved.