പാലക്കാട്: പൊതുശ്മശാനത്തില്‍ എന്‍എസ്എസിന് കൂടുതല്‍ സ്ഥലം ആവശ്യപ്പെട്ട് കൂടുതല്‍ ജാതിസംഘടനകള്‍ രംഗത്ത്. വിശ്വര്‍മ്മ, ഈഴവ സമുദായങ്ങളാണ് പാലക്കാട് നഗരസഭ സെക്രട്ടറിക്ക് സ്ഥലം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. എന്‍എസ്എസ് കരയോഗത്തിന് നല്‍കിയ മാതൃകയില്‍ തങ്ങളുടെ സമുദായങ്ങള്‍ക്കും 20 സെന്റ് സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം. മഴക്കാലത്ത് സംസ്‌കാരം നടത്താന്‍ വലിയ പ്രയാസമാണെന്നും ഷെഡ് നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് സ്ഥലം ആവശ്യപ്പെടുന്നത് എന്നുമാണ് കാളിപ്പാറ വിശ്വകര്‍മ സമുദായത്തിന്റെ സെക്രട്ടറി നല്‍കിയ കത്തിലുള്ളത്. ഇതേ തരത്തിലുള കത്ത് ഈഴവ സമുദായവും സെക്രട്ടറിക്ക് നല്‍കി.
പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ മതില്‍കെട്ടി തിരിച്ചത്. നീക്കത്തിന് പിന്നില്‍ നഗരസഭയാണെന്ന് പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ആരോപിക്കുന്നു. ‘ജാതിയുടെ അടയാളങ്ങളോ വേര്‍തിരിവുകളോ ഇല്ലാത്ത പൊതുശ്മശാനമാണ്.
എന്നാല്‍ ശ്മശാനത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമാണെന്നും ഇതിനുള്ളില്‍ ഷെഡ് കെട്ടണമെന്ന് ആവശ്യപ്പെട്ടതോടെ കൗണ്‍സില്‍ അനുവദിച്ചു നല്‍കുകയായിരുന്നുവെന്നുമാണ് ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. ഏത് സംഘടന വന്നാലും അനുമതി കൊടുക്കും. ജാതി പ്രശ്‌നമേയല്ല. എല്ലാവര്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഷെഡ് കെട്ടുന്നതെന്ന് എന്‍എസ്എസ് അറിയിച്ചതുകൊണ്ടാണ് സ്ഥലം അനുവദിച്ചതെന്നും ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ നടപടി വിവാദമായ സാഹചര്യത്തില്‍ ഷെഡ് നിര്‍മ്മാണനടപടികള്‍ സ്‌പോണ്‍സര്‍ഷിപ്പോട് കൂടി ഏറ്റെടുക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.