പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ച് പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കി. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും മിനി കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു റാപ്പര്‍ വേടനെതിരെ അധിക്ഷേപ വര്‍ഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് വന്നത്.
വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പില്‍ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമര്‍ശം.
അതേസമയം ശശികല നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്നാണ് വേടന്‍ പറഞ്ഞത്. താന്‍ റാപ്പ് പാടുമെന്നും പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനേമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തിനൊപ്പം നിന്ന് ജനങ്ങളോട് സംവദിക്കുന്ന ആളാണ് വേടന്‍ എന്നും തന്നെ വിഘടനവാദിയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും വേടന്‍ കൂട്ടിചേര്‍ത്തു. ഇതിനിടെയാണ് പാലക്കാട് നഗരസഭയിലെ ആഖജ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇപ്പോള്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
പാലക്കാട് ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് സ്ഥിരമായി തോല്‍ക്കാറുള്ള സി കൃഷ്ണകുമാറിന്റെ ഭാര്യയാണ് മിനി കൃഷ്ണകുമാര്‍. തദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സി കൃഷ്ണകുമാര്‍ വിഭാഗത്തിന്റെ നീക്കങ്ങളായാണ് എതിര്‍ വിഭാഗം വിലയിരുത്തുന്നത്.