ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് അപ്പപ്പോള്‍ പാകിസ്ഥാന് കൈമാറുന്ന സംവിധാനവുമായി ചൈന. ബെയ്ദു ഉപഗ്രഹസംവിധാനത്തിന്റെ സേവനം പാകിസ്താന്‍ സൈന്യത്തിന് പൂര്‍ണ്ണമായും ലഭ്യമാക്കാന്‍ ചൈന തീരുമാനിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 16ന് തന്ത്രപരമായ കൂടിക്കാഴ്ച നടന്നുവെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ലാഹോറിലെ പാകിസ്താന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഇതിന് പുറമെ പാകിസ്താന്റെ എട്ടോളം സൈനിക താവളങ്ങളില്‍ ഏകോപിതമായ, കൃത്യതയോടെയുള്ള ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചൈനയും പാകിസ്താനും തമ്മിലുള്ള തന്ത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഉപഗ്രഹ സംവിധാനത്തിന്റെ കവറേജ് പാകിസ്താന്‍ സൈന്യത്തിന് കൂടുതല്‍ ലഭ്യമാക്കുന്നതും ഇന്ത്യയുടെ നീക്കങ്ങളെക്കുറിച്ച് പാകിസ്താന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതും സംബന്ധിച്ചുമായിരുന്നു ഇരുസൈനിക നേതൃത്വങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
5ജി ആശയവിനിമയ സംവിധാനങ്ങള്‍ സംയോജിപ്പിച്ച് തത്സമയ ഏകോപനവും നിരീക്ഷണ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് പാകിസ്താന് സമഗ്രമായ ഉപഗ്രഹ കവറേജ് പിന്തുണ ചൈന നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ചൈനീസ് ഉപഗ്രഹ സംവിധാനങ്ങളുടെ അടക്കം പിന്തുണ ലഭിച്ചിട്ടും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നില്ല. ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താന്‍ സൈന്യം ഉപയോഗിച്ച ചൈനീസ് നിര്‍മ്മിത ജെറ്റുകളെയും മിസൈല്‍ സംവിധാനങ്ങളെയും ഇന്ത്യ കൃത്യതയോടെ നേരിട്ടിരുന്നു. ഇതിനായി ഇന്ത്യന്‍ സൈന്യം പ്രധാനമായും ആശ്രയിച്ചിരുന്നത് തദ്ദേശീയ ആയുധ സംവിധാനങ്ങളെയായിരുന്നു. ഇതില്‍ ഇന്ത്യ മൈല്‍ക്കൈ നേടുകയും ചെയ്തിരുന്നു.