കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. സിപിഎമ്മിനും മുസ്ലിം സമൂഹത്തിനുമിടയില്‍ ഒരു വിടവ് സൃഷ്ടിക്കാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നു. എന്നാല്‍ മുസ്ലിം സമുദായം ജമാ അത്തെ ഇസ്ലാമിയുടെ ആ കെണിയില്‍ വീഴില്ലെന്നും
പിണറായി വിജയന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ മുസ്ലിങ്ങളിലെ പ്രബല വിഭാഗം സുന്നികളാണ്. അവര്‍ ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ ജമാ അത്തെ ഇസ്ലാമിയെ അംഗീകരിച്ചിട്ടില്ല. എപ്പോഴൊക്കെ യുഡിഎഫ് ദുര്‍ബലമാകുന്നു അല്ലെങ്കില്‍ കുഴപ്പത്തില്‍ ചാടുന്നു അപ്പോഴൊക്കെ സഹായവുമായി ജമാ അത്തെ ഇസ്ലാമി വരുന്നു. മുമ്പ് ഈ പിന്തുണ രഹസ്യമായിട്ടായിരുന്നെങ്കില്‍, ഇപ്പോള്‍ ഇത് പരസ്യമായിട്ടാണ്. മുന്‍കാലത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയെ എതിര്‍ത്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയുമായി സഹകരിച്ചുപോരുകയാണ്. മുമ്പ് രഹസ്യമായിട്ടായിരുന്നെങ്കില്‍, ഇപ്പോള്‍ പരസ്യമായിട്ടാണെന്ന് മാത്രം. തെറ്റായതും വ്യാജവുമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിവുള്ള ശക്തരായ ബുദ്ധിജീവികളും സംഘടനാ സംവിധാനവും ജമാ അത്തെ ഇസ്ലാമിക്കുണ്ട്. എന്നാല്‍ ഇന്നത്തെ സമൂഹത്തിന് ഇതൊക്കെ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആര്‍എസ്എസുമായി സഹകരിക്കുന്നു എന്നു കുറ്റപ്പെടുത്തുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, ആര്‍എസ്എസുമായുള്ള സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായവരില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മുകാരാണ്. അത് ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രി പറയുന്നു