കോഴിക്കോട്: ഇന്നലെ വൈകിട്ട് അഞ്ചരയോടെ തീപിടുത്തമുണ്ടായ കോഴിക്കോട് നഗരത്തിലെ പുതിയ സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് പരിശോധന വീണ്ടും നടത്തുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍സും ഗോഡൗണും പൂര്‍ണമായി കത്തി നശിച്ചു.ഇന്നലെ രാത്രി 10 മണിക്കൂറിന് ശേഷമാണ് തീയണച്ചത്. തീപടര്‍ന്നത് എവിടെ നിന്ന് എന്നതുസംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അട്ടിമറി സാധ്യതയും പരിശോധിക്കും. കെട്ടിടത്തിന്റെ ഘടനയാണ് വെല്ലുവിളിയായതെന്നും കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതും പ്രധാനമാണ്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. അശാസ്ത്രീയ നിര്‍മാണം തീയണക്കുന്നതിന് തടസമായി. മൂന്ന് മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്‌സിന് രണ്ടാം നിലയില്‍ എത്താനായത്. 75 കോടിക്കടുത്ത് നാശമുണ്ടായെന്ന് പ്രാഥമിക നിഗമനം.
പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയില്‍ തീപിടിത്തമുണ്ടായത്. കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു.
സ്‌കൂള്‍ തുറക്കല്‍ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും വലിയ തോതില്‍ സംഭരിച്ചിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങള്‍ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തില്‍ മുഴുവന്‍ കറുത്ത പുക പടര്‍ന്നു. നഗരത്തില്‍ ഗതാഗതക്കുരുക്കും ഉണ്ടായി. അതേസമയം, തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല എന്നതും ആശ്വാസമായി.
തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂര്‍ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ക്രാഷ് ടെന്‍ഡര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ ഇന്ന് ഫയര്‍ ഫോഴ്‌സ് വിഗ്ധ പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ തീപിടിത്തം ഉണ്ടായ കെട്ടിടം ഭാഗികമായി തുറന്നു നല്‍കി. തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു.