മലപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയെ പുലി ഉള്‍ക്കാട്ടിലേക്ക് കടിച്ചുവലിച്ചുകൊണ്ടുപോയി കൊന്നു; പുലി സാന്നിധ്യം നേരത്തെയേ പ്രദേശവാസികള്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെങ്കിലും നടപടിയുണ്ടായില്ല

മലപ്പുറം: കാളികാവില്‍ ടാപ്പിംഗ് തൊഴിലാളെ പുലി കടിച്ചു കൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുവലിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവായ ഗഫൂറാണ് മരിച്ചത്.പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം.

കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാറിലാണ് സംഭവം. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്.

പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷം ഗഫൂറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വന്യജീവി ശല്യമുള്ള പ്രദേശമാണിത്. എന്നാല്‍ അടുത്തിടെ ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യമായാണ്.സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുലിയുടെ സാന്നിധ്യം സംബന്ധിച്ച് നിരവധി തവണ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.