ട്രെയിനില്‍ ഗ്രൂപ്പ് യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം; പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനും രേഖ വേണം; സുരക്ഷ ശക്തമാക്കുന്നു

തിരുവനന്തപുരം: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്കും പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ റെയില്‍വേ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ നല്‍കി.പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നീക്കം കര്‍ശനമാക്കാന്‍ കാരണം. പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നേരിട്ടോ, ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റ് എടുക്കുന്നതിനു തിരിച്ചറിയല്‍ രേഖ കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍ യാത്രാ വേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍ രേഖ വേണം. ടിക്കറ്റ് പരിശോധകരും റെയില്‍വേ പൊലീസും ആര്‍പിഎഫും പരിശോധന നടത്തും. പ്രധാന സ്റ്റേഷനുകളില്‍ പ്രവേശന കവാടത്തിലും മറ്റും സംശയാസ്പദമായി കാണുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സുരക്ഷ ശക്തമാക്കിയത്.

© 2025 Live Kerala News. All Rights Reserved.