പാകിസ്ഥാനിലെ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു; 100ലധികം ഭീകരരെ വധിച്ചു;40ഓളം പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളാണ് തകര്‍ക്കാനായത്. 100ലധികം ഭീകരരെ വധിച്ചു. ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ 40ഓളം പട്ടാളക്കാരെ പാകിസ്ഥാന് നഷ്ടമായി.
മൂന്ന് സേനകളുടെയും ഡിജിഎംഒമാര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

മെയ് 9നും 10നും ഇടയില്‍ രാത്രിയില്‍ നിരവധി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചു. എന്നാല്‍ ഇന്ത്യ ആക്രമണങ്ങളെ ചെറുത്തു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ പീരങ്കി ആക്രമണങ്ങള്‍ നടത്തിയതായും എയര്‍ മാര്‍ഷല്‍ എ കെ ഭാരതി പറഞ്ഞു.

പാകിസ്ഥാനില്‍ കൃത്യമായ ബോംബിങ്ങിലൂടെ തകര്‍ത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പുറത്തുവിട്ടു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ ആക്രമണം നടത്തി. പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലെ ഒന്‍പത് ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും 100ലധികം ഭീകരരെ വധിക്കുകയും ചെയ്തു. പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലുള്ള കേന്ദ്രങ്ങളും ലഷ്‌കര്‍ഇതൊയ്ബ കേന്ദ്രമായി അറിയപ്പെടുന്ന മുരിദ്‌കെയും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരവാദികളും കൊല്ലപ്പെട്ടു. ഭീകരരെ ശിക്ഷിക്കാനായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. വ്യോമ, നാവികസേനയുടെ കൃത്യമായ തിരിച്ചടി ഉണ്ടായെന്നും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. അതിര്‍ത്തിയിലെ ഭീകരവാദം തടയാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

© 2025 Live Kerala News. All Rights Reserved.