ശ്രീനഗര്‍: കശ്മീരില്‍ ഭീകരാക്രമണ സാധ്യത സംബന്ധിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍.ഭീകരര്‍ വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പുണ്ടായിരുന്നു.ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഒരു തെളിവും ലഭിക്കാതെ വന്നതോടെ ഓപ്പറേഷന്‍ ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേ ദിവസമാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീനഗറിലെ ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന സൂചനയായിരുന്നു ലഭിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണ ഭീഷണി കണക്കിലെടുത്ത് ശ്രീനഗറിലെ ഡാല്‍ തടാകത്തിലും മുഗള്‍ ഗാര്‍ഡനുകളിലും സുരക്ഷ ഒരുക്കിയിരുന്നു. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡിജിപി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവിടെ തമ്പടിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഹല്‍ഗാം ആക്രമണത്തിന് 1015 ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദച്ചിഗാം, നിഷാത് തുടങ്ങിയ സ്ഥലങ്ങളില്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്തിയിരുന്നു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന് തിരിച്ചടികള്‍ നല്‍കുകയാണ് കേന്ദ്രം. പാകിസ്താന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 1958ലെ മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടിന്റെ സെക്ഷന്‍ 411 പ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.