അതിര്‍ത്തി കടക്കുന്നതിനിടെ പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതിനിടെ പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം വഷളായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന അതിര്‍ത്തിരക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു ജവാന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലാവുകയും ചെയ്തു. 182 ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പി കെ സിങ്ങിനെയാണ് ഏപ്രില്‍ 23 ന് ഫിറോസ്പുര്‍ അതിര്‍ത്തിക്കു സമീപത്തുനിന്നും പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് പാക് റേഞ്ചര്‍ പിടിയിലാകുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ശനിയാഴ്ച വൈകിട്ട് നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് ശേഷം ഇരുവരും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

© 2025 Live Kerala News. All Rights Reserved.