കൊച്ചി: റാപ്പര്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) മാലയിലെ പുലിപ്പല്ല് മലേഷ്യയില്‍ സ്ഥിരതാമസക്കാരനായ രഞ്ജിത് നല്‍കിയതാണെന്ന് മൊഴി. പുറത്ത്. വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. പുലിപ്പല്ല് രഞ്ജിത്ത് ചെന്നൈയില്‍വച്ചാണ് കൈമാറിയതെന്നുമാണ് വേടന്റെ മൊഴി. വേടന്റെ മൊഴി വനം വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. പുലിപ്പല്ല് കഴിഞ്ഞ വര്‍ഷമാണ് കൈമാറിയതെന്ന മൊഴിയും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.
കേസ് അതീവ ഗൗരവമായാണ് വനം വകുപ്പ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്. വേടന്‍ എന്നു വിളിക്കുന്ന ഹിരണ്‍ ദാസ് മുരളിയും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ളാറ്റില്‍ നിന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചത്. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.