ബീജീങ്: കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22നുണ്ടായ ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ചൈന പറയുമ്പോഴും പാകിസ്ഥാനെ ചാരിയാണ് നില്‍പ്പ്. പാകിസ്ഥാനെതിരെ ഇന്ത്യ നീങ്ങിയാല്‍ തങ്ങള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന സന്ദേശമാണ് ചൈന കൈമാറിയത്. ആക്രമണത്തിന് ശേഷമുള്ള സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുപക്ഷവും സംയമനം പാലിച്ചു പരസ്പരം നീങ്ങുകയും പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും വാങ് യി പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നും വിഷയത്തില്‍ ചൈനയുടെയോ റഷ്യയുടെയോ ഇടപെടല്‍ ആവശ്യമാണെന്നും പാകിസ്ഥാനി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. സിന്ധുനദീകരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത് പോലെ ബ്രഹ്മപുത്ര നദിയിലെ വെള്ളം ചൈന സ്വന്തമാക്കുമോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.