തിരുവനന്തപുരം: തൃണമൂല്‍ വിട്ട് കോണ്‍ഗ്രസിലേക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് പിവി അന്‍വറിന്റെ മുന്നണി പ്രവേശനം കൂടുതല്‍ സങ്കീര്‍ണമായത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്നണി പ്രവേശം കാത്തുനില്‍ക്കുന്ന അന്‍വറിനെ ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ അറിയിക്കും.താന്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. നാളെ അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. എന്നാല്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ യോഗം നടക്കുമോയെന്ന് വ്യക്തമല്ല.
ദേശീയതലത്തില്‍ ടിഎംസി ഇന്ത്യാസഖ്യത്തിന്റെ ഭാഗമാണെങ്കിലും മമതയുമായോ പാര്‍ട്ടിയുമായോ കോണ്‍ഗ്രസ് നല്ല ബന്ധത്തിലല്ല. വിവിധ വിഷയങ്ങളില്‍ മമത ബാനര്‍ജി ഗാന്ധി കുടുംബത്തിന്റെ കടുത്ത വിമര്‍ശകയാണ്. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച തൃണമൂല്‍ നേതാവ് ലോക്‌സഭാ പോരില്‍ ബംഗാളില്‍ ഒറ്റയ്ക്കു മത്സരിച്ചു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് തൃണമൂല്‍ രംഗത്തുവന്നതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി. തരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തില്‍ ഒന്നിക്കേണ്ടതില്ലെന്നാണു ഹൈക്കമാന്‍ഡിന്റെ തീരുമാനം.
യുഡിഎഫിന്റെ ഭാഗമല്ലാതിരുന്നിട്ടും നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അന്‍വര്‍ ഇടപെടുന്നതില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ അസംതൃപ്തരാണ്. അന്‍വര്‍ വേണമെങ്കില്‍ കോണ്‍ഗ്രസിലേക്ക് വരട്ടെ. അല്ലാതെ തൃണമൂലിനെ മുന്നണിയിലെടുക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് മുസ്ലിംലീഗും. നാളത്തെ യോഗത്തില്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ അറിയിക്കും.