രാഷ്ട്രീയകാര്യ ലേഖകന്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസ് കടുത്ത സ്ഥാനാര്‍ഥി പ്രതിസന്ധിയില്‍. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വറും, ജമാഅത്തെ ഇസ്ലാമിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പിന്‍മാറാന്‍ തയ്യാറല്ലെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതോടെയാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. ഈ സാഹചര്യത്തിലാണ് മൂന്നാമതൊരാള്‍ക്കായി കോണ്‍ഗ്രസ് നീക്കം ആരംഭിച്ചത്. നിലമ്പൂരില്‍ തന്റെ പിന്തുണ വിഎസ് ജോയിക്കാണെന്ന് പി വി അന്‍വര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ട് വ്യക്തമാക്കിയിരുന്നു. ജോയിയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ നിലമ്പൂരില്‍ പരീക്ഷിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതയ്ക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും പി വി അന്‍വര്‍ നല്‍കുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും മുസ്ലിംലീഗ് ഒപ്പമുണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.
എന്നാല്‍, വിഎസ് ജോയിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയത് തിരിച്ചടിയുണ്ടാക്കുമെന്ന നിലയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ (എപി സുന്നികള്‍), കേരള നദ്വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പരമ്പരാഗത മുസ്ലിം സംഘടനകള്‍ സ്ഥാനാര്‍ഥിക്ക് എതിരെ തിരിയുമോ എന്നതാണ് പ്രധാന ആശങ്ക.
യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി വി അന്‍വര്‍ ഇടപെടുന്നതാണ് മുസ്ലീം ലീഗിന്റെ എതിര്‍പ്പിന്റെ പ്രധാന കാരണം. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി എട്ട് തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്‍വറിന്റെ നിലപാട് മാറ്റത്തോടെ ഒരിടവേളയ്ക്ക് ശേഷം മണ്ഡലം വീണ്ടും പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
ഇപ്പോഴത്തെ ഈ തര്‍ക്കം ബാധിച്ചില്ലെങ്കില്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന് സുരക്ഷിതമായ ഒരു സീറ്റാണ്. കെപിസിസി സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ പി നൗഷാദ് അലിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. നിലമ്പൂരിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും നൗഷാദ് അലിക്കുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും കാലുവാരിയാല്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പരാജയപ്പെടുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനകത്ത് വിഭാഗീയത ഉണ്ടാക്കി പിവി അന്‍വര്‍ ചരട് വലിക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം നേതൃത്വത്തിന് കീറാമുട്ടിയാവുകയാണ്.