മധുര: കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പിലും പിണറായി വിജയന്‍ തന്നെയാണ് പാര്‍ട്ടിയെ നയിക്കുകയന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം എ ബേബി. പിണറായി വിജയന്‍ തന്നെയാകുമോ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയെന്ന ചോദ്യത്തിനാണ് എം എ ബേബിയുടെ മറുപടി.. നിലവില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയന്‍. സ്വഭാവികമായും അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. തുടര്‍ഭരണം കിട്ടിയാല്‍ അന്ന് ആര് മുഖ്യമന്ത്രി ആകും എന്നത് അപ്പോള്‍ തീരുമാനിക്കുന്ന കാര്യമല്ലെയെന്നും എംഎ ബേബി പറഞ്ഞു.
കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യത്തോട് ഇപ്പോള്‍ തുടരുന്ന സമീപനംതന്നെയാണ് ഭാവിയിലും ഉണ്ടാകുകയെന്ന് എംഎ ബേബി പറഞ്ഞു. പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ ഭാഗമായി കുറച്ചുകാലമായി പ്രവര്‍ത്തിച്ച് വരുകയാണ്, അതിന്റെ തുടര്‍ച്ചയാണ് ജനറല്‍ സെക്രട്ടറി പദം. സംഘടനാപരമായി വലിയ വെല്ലുവിളിയാണിത്. പക്ഷെ കൂട്ടായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും. ഇതില്‍ എല്ലാവരുടെയും സഹായ സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യഥാര്‍ഥത്തില്‍ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി തന്നെയാണ് പാര്‍ട്ടിയുടെ മുന്നിലുള്ള വെല്ലുവിളികള്‍.
സിപിഎം സംഘടനാപരമായി ഒരു പുനര്‍ശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട് എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഭിപ്രായം. നവ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്ന ബിജെപിക്കും സംഘപരിവാറിനും എതിരായി ഏറ്റവും വിശാലമായ രാഷ്ട്രീയ യോജിപ്പ് വളര്‍ത്തിയെടുക്കണമെന്നതാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ത്യ ബ്ലോക്കിലുള്ള ആംആദ്മിയും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചു. ബംഗാളില്‍ ത്രികോണ മത്സരമാണ് നടന്നത്. ഇന്ത്യ ബ്ലോക്കിലെ പാര്‍ട്ടിയാണല്ലോ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ഒരോ സംസ്ഥാനങ്ങളുടെയും പ്രത്യേകതകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരം നടന്ന കാര്യവും പുതിയ ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചു. കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റെന്നും 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചതെന്നും ബേബി വ്യക്തമാക്കി. മത്സരിക്കാനുള്ള ജനാധിപത്യ അവകാശം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.