എമ്പുരാന്‍ ഇഫക്ട്; പൃഥ്വിരാജിന് ആദായ നികുതി നോട്ടീസ്; സ്വാഭാവിക നടപടിയെന്ന് ആദായ നികുതിവകുപ്പ്

കൊച്ചി: എമ്പുരാന്‍ നിര്‍മ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് തുടരുന്നതിന് പിന്നാലെ സംവിധായകന്‍ പൃഥ്വിരാജിന് ആദായ നികുതി നോട്ടീസ്. മാര്‍ച്ച് 29നാണ് പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 29ന് മുമ്പായ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിവരങ്ങള്‍ നല്‍കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യ്‌പ്പെട്ടിട്ടുള്ളതെന്നാണ് വിവരം. എമ്പുരാന്‍ ചിത്രം മാര്‍ച്ച് 27നാണ് റിലീസ് ചെയ്തത്. മാര്‍ച്ച് 31 വരെയുള്ള വിവരങ്ങളാണ് ഐടി തേടിയിട്ടുള്ളത്. സംഘപരിവാറിന് നിഷിദ്ധമായ എമ്പുരാന്‍ സിനിമാ പ്രവര്‍ത്തകരെ വേട്ടയാടുന്നതിനാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം എമ്പുരാന്‍ വിവാദവുമായി ഗോകുലം സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിന് ബന്ധമില്ലെന്ന് ഇ ഡി വൃത്തങ്ങള്‍. വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്നത്. റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ നേരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് സൂചന. ചിലപ്പോള്‍ അറസ്റ്റിലേക്ക് കാര്യങ്ങളെത്തുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എമ്പുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ വിശദീകരണം.

© 2025 Live Kerala News. All Rights Reserved.