ശബരിമലയിലെ പ്രവേശന ഉത്തരവ് സ്ത്രീ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നെന്ന് ഹൈക്കോടതി; ഈ മുന്നേറ്റത്തെ എതിര്‍ത്ത് സ്ത്രീകള്‍ തന്നെ രംഗത്ത് വന്നത് വൈരുധ്യം

കൊച്ചി: ശബരിമലയിലെ പ്രവേശനം കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന് പുതിയൊരുമാനം നല്‍കിയെന്നും ഉത്തരവിനെ സ്ത്രീകള്‍ എതിര്‍ത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യമായെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. സ്ത്രീമുന്നേറ്റത്തില്‍ പൊതുവിടങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായി. സ്വകാര്യയിടങ്ങളില്‍ ഇത്തരമൊരു മാറ്റമില്ല. വീടുകളില്‍നിന്നാണ് മാറ്റം തുടങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡോ. എകെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സിഎസ് സുധയുമടങ്ങിയ ഡിവിഷന്‍ ബെഞ്ച്.

പൊതുവിടങ്ങളിലെ മുന്നേറ്റത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്. മത-ജാതീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും മുന്നേറ്റങ്ങളുണ്ടായി. ഈ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ സ്ത്രീകളുമുണ്ടായിരുന്നു.എന്നാല്‍, വീടുകളിലേക്കും മതങ്ങളിലേക്കും എത്തുമ്പോള്‍ അവിടെ കാര്യമായ മുന്നേറ്റമുണ്ടായെന്നു പറയാനാകില്ല. സ്ത്രീശക്തിയെ അവര്‍ തിരിച്ചറിയണംഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.